കട്ടപ്പന: അരനൂറ്റാണ്ടോളം കേരളത്തിന്റെ, പ്രത്യേകിച്ച് ഹൈറേഞ്ചിന്റ കാർഷിക, വ്യാപാര രംഗത്ത് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മാസ് ജോസ് എന്ന തച്ചേടത്ത് ടി.ടി. ജോസ് (70) വിടവാങ്ങുന്പോൾ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാരുണ്യത്തിന്റെയും ആൾരൂപമാണ് മറയുന്നത്.
ഹൈറേഞ്ചിലെ (വണ്ടന്മേട്ടിലെ) സാധാരണ കാർഷിക കുടുംബത്തിൽ ജനിച്ച് സ്വന്തം കഠിനാധ്വാനംകൊണ്ട് വലിയൊരു ബിസിനസ് ഗ്രൂപ്പിന്റെ സാരഥിയായി വളർന്ന അദ്ദേഹം നൂറുകണക്കിനാളുകൾക്ക് ജീവിതവഴി വെട്ടിത്തുറന്നു നൽകി. ബിസിനസ് മേഖലയിൽ പ്രതിസന്ധികൾ ഉണ്ടായപ്പോൾ നിശ്ചയദാർഢ്യംകൊണ്ട് അതിനെ അതിജീവിക്കുകയും ചെയ്തു.
ജീവിതത്തിൽ വിഷമസന്ധികൾ നേരിടുന്നവർക്കു സഹായത്തിന്റെയും സഹാനുഭൂതിയുടെയും കരങ്ങൾ നീട്ടിയ വലിയ മനസിന്റെ ഉടമയുമായിരുന്നു.
1980കളുടെ തുടക്കത്തിൽ കാർഷിക സാഹായ ഉപകരണങ്ങളും വളങ്ങളും കീടനാശിനികളും വിൽപന നടത്തുന്ന സ്ഥാപനത്തിൽ മാർക്കറ്റിംഗ് മാനേജരായി ജീവിതമാരംഭിച്ച ജോസ് സ്വന്തം താത്പര്യങ്ങളും ബിസിനസ് ആശയങ്ങളുമായി ആരംഭിച്ച മൊബൈൽ അഗ്രോ സെയിൽസ് ആൻഡ് സർവീസ് എന്ന മാസ്, തമിഴ്നാട്ടിലെ സുഹൃത്തുക്കളായ തോട്ടം ഉടമകളുമായി ചേർന്ന് സൊസൈറ്റിയായും പിന്നീട് കന്പനിയായും വളർത്തിയെടുക്കുകയായിരുന്നു.
ഹൈറേഞ്ചിന്റെ പൾസ് അറിഞ്ഞ് വളം-കീടനാശിനി വ്യാപാരം പുഷ്ടിപ്പെടുത്തിയ മാസ് ഏലക്കാ ലേല രംഗത്തേക്കും കടന്നു. കറിപൗഡർ നിർമാണം, ഹോട്ടൽ വ്യവസായം, പ്ലാന്റേഷൻ, ഏലക്കായ കയറ്റുമതി തുടങ്ങിയ മേഖകളിൽ രാജ്യത്ത് ശ്രദ്ധേയമായ സ്ഥാപനത്തിന്റെ ഇന്നു കാണുന്ന എല്ലാ വളർച്ചയ്ക്കും കാരണം ജോസിന്റെ ആശയങ്ങളും കഠിനാധ്വാനവും അർപ്പണ മനോഭാവവുമാണ്.
സ്പൈസസ് ബോർഡ് ഏലക്കായുടെ ഇ-ലേലം ആരംഭിച്ചപ്പോൾ അതിനു പ്ലാറ്റ്ഫോം ഒരുക്കിനൽകാൻ മറ്റു പല ലേല ഏജൻസികളും വൈമുഖ്യം കാട്ടിയപ്പോൾ ദൃഢനിശ്ചയത്തോടെ ഇ-ലേലത്തിനുള്ള പ്ലാറ്റ്ഫോം സ്വന്തം സ്ഥാപനത്തിൽ തുറന്നുകൊടുക്കാൻ മാസ് തെല്ലും ശങ്കിച്ചില്ല. പിന്നീടാണ് സ്പൈസസ് ബോർഡ് പുറ്റടിയിൽ സ്വന്തമായി സ്ഥലം വാങ്ങി സ്പൈസസ് പാർക്ക് നിർമിച്ച് ലേലം കേന്ദ്രം ആരംഭിക്കുന്നത്. ഇതിനും പൂർണ പിന്തുണയുമായി മാസ് ഉണ്ടായിരുന്നു.
ബിസിനസ് തിരക്കുകൾക്കിടയിലും സഭാകാര്യങ്ങളിലും വണ്ടന്മേട് സെന്റ് ആന്റണീസ് പള്ളിയുടെ കാര്യങ്ങളിലും സ്കൂൾ മാനേജ്മെന്റിലും ശ്രദ്ധ ചെലുത്താനും ഇദ്ദേഹത്തിനായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായിരുന്ന മാർ മാർ മാത്യു അറയ്ക്കലിന്റെ അടുത്ത സുഹൃത്തായ ജോസ്, സഹ്യാദ്രി കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ഡയറക്ടറുമായിരുന്നു. ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ഏലക്കായ കയറ്റി അയച്ചതിനുള്ള സ്പൈസസ് ബോർഡിന്റെ പുരസ്കാരം നിരവധി തവണ കരസ്ഥാമാക്കിയിട്ടുള്ള സ്ഥാപനമാണ് മാസ്. ഇതു കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാനും കാരണമായി.
ഹൈറേഞ്ചിന്റെ ഭൂ-കാർഷിക വിഷയങ്ങളിലും സജീവമായി ഇടപെട്ടിരുന്ന ടി.ടി. ജോസ്, ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന പ്രസ്ഥാനം ആരംഭിക്കുന്പോൾ സജീവമായി സഹകരിച്ചിരുന്നു. ഹൈറേഞ്ചിൽ പട്ടയ നടപടികൾ തടഞ്ഞതിനെതിരേ സമിതി സുപ്രീംകോടതിയിൽ കേസ് നടത്തിയപ്പോൾ വലിയ നിലയിൽ സാന്പത്തിക സഹായം നൽകിയവരിൽ പ്രധാനിയായിരുന്നു.
ഹൈറേഞ്ചിൽ ജീവിക്കുന്നവരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതിൽ എന്നും മാസ് ജോസ് പ്രത്യേക താത്പര്യം കാണിച്ചിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വണ്ടൻമേട് സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്കാരം.